THE ACCIDENTAL FURTHER ADVENTURES OF THE HUNDRED YEAR OLD MAN |BOOK REVIEW

ഒരു ഫിക്ഷണൽ ക്യാരക്റ്ററിലൂടെ ഒരു കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളെയും കൂടി കഥയാക്കിപ്പറയുന്ന രീതി സിനിമയിലും സാഹിത്യത്തിലുമുണ്ട്. എൻ്റെ ഫേവറിറ്റായ ഫോറസ്റ്റ് ഗമ്പിലും ദ് ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടണിലും അവർ ജീവിച്ച കാലത്തെ പ്രധാന സംഭവങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, ഫോറസ്റ്റ് ഗമ്പിൽ എൽവിസ് പ്രിസ്ലിയും, കെന്നഡിയും, നിക്സണും, വിയറ്റ്നാം യുദ്ധവും മറ്റും കടന്ന് വരുന്നു. ബെഞ്ചമിൻ ബട്ടണിലും ഏറെക്കുറെ സമാനമായ അമേരിക്കൻ ഗതകാല സ്മരണകൾ കാണാം.

ജോനാസ് ജോനാസ്സൺ എഴുതിയ The Hundred-Year-Old Man Who Climbed Out the Window and Disappeared എന്ന സ്വീഡിഷ് കോമഡി നോവൽ അത്തരമൊരു സൃഷ്ടിയാണ്. അലൻ കാൾസൺ എന്ന നൂറുവയസ്സൻ തഗ് ലൈഫിൻ്റെ ജീവിതത്തിലൂടെ ഇരുപതാം നൂറ്റാണ്ടിലെ പ്രധാന സംഭവങ്ങളെയും, വ്യക്തികളെയും കോർത്തിണക്കിയതായി കാണാം. എല്ലാ സംഭവങ്ങൾക്ക് പിന്നിലും അലൻ കാൾസണുണ്ട്. ഒരു തരം ജാലിയൻ കണാരൻ എഫക്റ്റ്. ഫ്രാങ്കോ, സ്റ്റാലിൻ, ട്രൂമാൻ, മാവോ, നിക്സൺ, തുടങ്ങി നിരവധി പ്രസിദ്ധർ ഈ കഥയിൽ വരുന്നുണ്ട്. ഫുൾ കോമഡിയായിട്ടാണെന്ന് മാത്രം. ഈ പുസ്തകത്തെ പറ്റി കുറച്ച് കാലം മുമ്പ് എഴുതിയ എഫ് ബി കുറിപ്പിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു. ഇതിൻ്റെ സ്വീക്കലായി 2018 ൽ ഇറങ്ങിയ പുസ്തകമാണ് The Accidental Further Adventures of the Hundred-Year-Old Man. പ്രീക്വലിൽ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രസംഭവങ്ങളെ രസകരമായി അവതരിപ്പിച്ച പോലെ ഇവിടെ സമകാലിക രാഷ്ട്രീയത്തിലെ സംഭവങ്ങളെയും വ്യക്തികളെയും സമർഥമായി ഉപയോഗിക്കുന്നു. ട്രംപും, കിം ജോങ് ഉന്നും, പുടിനും, മെർക്കലും, സ്വീഡിഷ് വിദേശ കാര്യ മന്ത്രിയായ മാർഗോട്ട് വാൾസ്ട്രോമും ഈ കഥയിലെ പ്രധാനകഥാപാത്രങ്ങളാണ്. നൂറ്റിയൊന്ന് വയസ്സുള്ള അലനും എഴുപത് വയസ്സുള്ള ക്രൈം പാർട്ട്ണർ ജൂലിയസും കൂടി അബദ്ധവശാൽ ഉത്തരകൊറിയയിലേക്ക് യുറേനിയം കടത്തുന്ന കപ്പലിമ്മേൽ എയർ ബലൂൺ പൊട്ടി വീഴുന്നതോടെയാണ് കഥ തുടങ്ങുന്നത്. അലൻ കാൾസണ് സ്ഫോടകവസ്തുക്കളോട് ചെറുപ്പം തൊട്ടേ വലിയ കമ്പമാണ്. (പ്രീക്വലിൽ അക്കഥ വിശദമായി വിവരിക്കുന്നുണ്ട്; പണ്ട് അമേരിക്കയിലെ ലാബിൽ ആറ്റം ബോംബുണ്ടാക്കാനറിയാതെ തല പുകച്ച് പകച്ചിരുന്ന ശാസ്ത്രജ്ഞർക്ക് അതിന്റെ ഫോർമുല നൈസായി പറഞ്ഞു കൊടുത്തത് അവിടുത്തെ ഭക്ഷണം വിളമ്പുകാരനായിരുന്ന അലനാണെന്ന് എത്ര പേർക്കറിയാം).

കിം ജോങ് ഉന്നിൻ്റെ മുമ്പിൽ എത്തിപ്പെട്ട അലൻ താനൊരു ആണവായുധ വിദഗ്ദ്ധനാണെന്ന് പറഞ്ഞു. അതിന് വായിൽ തോന്നിയ കുറേ ഫോർമുലകളും തട്ടിവിട്ടു. അത് കേട്ട് കിം ഫ്ലാറ്റായി. കിമ്മും ട്രംപും തമ്മിൽ പരസ്പരം വാക്കേറ് നടത്തുന്ന സമയമാണത്. പ്രശ്നം പരിഹരിക്കാൻ കിമ്മിനെ കാണാൻ വന്ന സ്വീഡിഷ് മന്ത്രി വാൾസ്ട്രോമിന് അലൻ്റെ കള്ളക്കളി മനസ്സിലായി. ചുരുക്കിപ്പറഞ്ഞാൽ, അലൻ യുറേനിയം അടങ്ങിയ ബ്രീഫ്കേസും കൈക്കലാക്കി വാൾസ്ട്രോമിൻ്റെ പ്രൈവറ്റ് വിമാനത്തിൽ നേരെ അമേരിക്കയിലേക്ക് വിട്ടു. ഇനിയാണ് ശരിക്കും കഥ ആരംഭിക്കുന്നത്. പിന്നീട് അലനും ട്രംപും അടിപിടിയാവുന്നുണ്ട്. അലനും മെർക്കലും കട്ടക്കമ്പനിയാവുന്നുണ്ട്. പിന്നീട് സ്വീഡനിൽ ഒരു നവനാസി അലൻ്റെ പിന്നാലെ കൂടുന്നുണ്ട്. പുടിൻ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്. അലനും ജൂലിയസും ഗേൾഫ്രണ്ട് സബീനും ശവപ്പെട്ടി കച്ചവടം നിർത്തി മന്ത്രവാദം പഠിക്കാൻ വേണ്ടി കെനിയയിലേക്ക് പോകുന്നുണ്ട്. അവിടുന്ന് വീണ്ടും കിമ്മിൻ്റെ വലിയൊരു ലോഡ് യുറേനിയം പൊക്കുന്നുണ്ട്. മൊത്തത്തിൽ, എല്ലാ ആഗോള ഗുലുമാലിൻ്റെ പിന്നിലും അലൻ കാൾസൺ എന്ന നൂറ്റിയൊന്നുവയസ്സുകാരനുണ്ട്. ഏറെ രസിച്ച്, ചിരിച്ച്, ചിന്തിച്ച് വായിക്കാവുന്ന ഒരു പൊളിറ്റിക്കൽ സറ്റയറാണ് ഈ പുസ്തകം.

മുഹമ്മദ് റാസി തെരുവത്ത്

https://www.facebook.com/RaziTmuhammad

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s