Book Review By Muhammed Asnas K

ഹൃദ്യമായ ഗ്രാമീണതയും ഹൃദയഭേദകമായ അനാഥാലയവാസവും കൂടിക്കലർന്ന ബാല്യകൗമാരമായിരുന്നു ശിഹാബിന്റേത്. വിദ്യാലയങ്ങളോട് ആലസ്യവും വിനോദങ്ങളോട് അഭിനിവേശവുമുണ്ടായിരുന്ന ശിഹാബ് പിതാവ് മരിച്ചതിനെത്തുടർന്നാണ് മുക്കം അനാഥാലയത്തിലെത്തുന്നത്. പഠനത്തോട് ആത്മവൈര്യമുള്ളവന് വിജ്ഞാനത്തിന്റെ മാധുര്യം നുകരാനായാൽ ആ വികാരം ആത്മബന്ധമായി മാറും. അത് തന്നെയാണ് ശിഹാബിന്റെ ജീവിതത്തിൽ സംഭവിച്ചതും. എടവണ്ണപ്പാറ ഗ്രാമത്തിൽനിന്നും മസൂറിയിലെ വൈജ്ഞാനികസമുച്ഛയം വരെയുള്ള പടവുകൾ മനപ്പൂർവ്വമല്ലെങ്കിലും അല്പാല്പമായി ശിഹാബ് നടന്നു കയറുകയായിരുന്നു. അനാഥാലയവാസം അദ്ദേഹത്തെ വായിക്കാൻ നിർബന്ധിതനാക്കി. പഠിച്ചു മുന്നേറി കുടുംബത്തിനൊരു തുണയാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. എല്ലാം വെട്ടിത്തിരുത്തി പുനരവതരണം അസാധ്യമായ ജീവിതത്തിൽ 'ഇനി എന്നെക്കൊണ്ട് എന്ത് ചെയ്യാനാകും? 'എന്നാണ് ശിഹാബ് ചിന്തിച്ചത്. കല്ലുവെട്ടുകാരനായി ജോലിയാരംഭിച്ച അദ്ദേഹം അധ്യാപനമേഖലയിൽ വളരാൻ കഠിനാധ്വാനം ചെയ്തു. എല്ലാം ഉള്ളിലൊതുക്കിയ പിതാവിന്റെയും ഭർതൃവിയോഗശേഷം ഇരുതല മുട്ടിക്കാൻ കഷ്ടപ്പെട്ട ഉമ്മയുടെയും മുഖങ്ങൾ ശിഹാബിനെ കർമ്മനിരതനാക്കി. വിജ്ഞാനത്തോടുള്ള താല്പര്യം മനസ്സിലാക്കിയ ജ്യേഷ്ഠൻ അനുഭവങ്ങളിൽ നിന്ന് പ്രചോദനം പകർന്നു നൽകി ഐ.എ.എസ്സിലേക്ക് വിരൽചൂണ്ടിയപ്പോൾ തന്റെ വഴി ശിഹാബ് തിരിച്ചറിയുകയായിരുന്നു. വിദ്യാലയകാലഘട്ടത്തിലെ ക്വിസ്മത്സരത്തിനു വേണ്ടി തുടങ്ങിയ പൊതുവിജ്ഞാനശേഖരണം അദ്ദേഹത്തിനു തുണയാവുകയും 2011ൽ സ്വപ്നം പൂവണിയുകയും ചെയ്തു. പിതാവിന്റെ പെട്ടിക്കടയും അങ്ങാടിബന്ധങ്ങളും ഷിഹാബിനെ ഉത്തരവാദിത്വവും സാമൂഹികബോധവുമുള്ള മനുഷ്യനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അനാഥാലയത്തിലെ ചിട്ടകൾ അദ്ദേഹത്തെ പക്വതയുള്ളവനാക്കുകയും ചെയ്തു. ജീവിതത്തിൽ നാം പിന്നിടുന്നതൊന്നും വെറുതെയല്ലെന്നും എല്ലാം ഒരു ലക്ഷ്യത്തിലേക്കുള്ള പാകപ്പെടുത്തലാണെന്നുമുള്ള തിരിച്ചറിവ് ശിഹാബ് പങ്കുവെക്കുന്നു. അനാഥത്വത്തിന്റെ നൊമ്പരങ്ങളും കൗതുകങ്ങളും ഇത്രമേൽ ഹൃദയസ്പർക്കായി വിവരിച്ച മറ്റൊരു രചന എന്റെ അറിവിലില്ല. വായന പൂർത്തീകരിക്കുന്നതോടെ സിവിൽ സർവീസിന്റെ തനതായ സ്വത്വത്തെ വായനക്കാരൻ സ്വാംശീകരിച്ചിട്ടുണ്ടാകും.ശുഭാപ്തിവിശ്വാസത്തോടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ഈ പുസ്തകം വായിക്കുന്നത് ജീവിതത്തിൽ എന്നും ഒരു മുതൽക്കൂട്ടായിരിക്കും.. ✍️ Muhammed Asnas K 11157, UG-1 Buy This book via Amazon, offer link : https://amzn.to/3n1i4sH