ഹലാലിലെ പെണ്ണുങ്ങൾ

PMA GAFOOR

ഹലാലിലെ പെണ്ണുങ്ങൾ

ഒന്ന്-
മതവിചാരങ്ങളുടെ ചരടുപൊട്ടിക്കാതെ തന്നെ കലയും സിനിമയും സംഗീതവുമടക്കമുള്ള എല്ലാ സർഗ്ഗാത്മക നനവുകളിലേക്കും പടരാൻ തൗഫീഖിന്‌ ഊർജ്ജമായത്‌ ആരാണെന്ന്, പത്രത്തിലേക്കയക്കുന്ന വിവാഹപ്പരസ്യത്തിന്‌ ഉമ്മ പറഞ്ഞുകൊടുക്കുന്ന വാചകത്തിലുണ്ട്‌. ടെക്സ്റ്റ്‌ ബുക്കിനു പകരം പ്രൊജക്റ്ററുമായി ക്ലാസിലേക്ക്‌ കേറിവന്ന്, ‌ കുട്ടികൾക്ക് ലോകത്തോളം വളരാൻ സിനിമയുടെ പാലമിട്ടുകൊടുക്കുന്ന തൗഫീഖെന്ന മലയാളം മാഷിന്‌, മതനിഷ്ടയും കലാബോധവുമുള്ള പെണ്ണിനെ മതിയെന്ന് തീരുമാനിക്കുന്ന ആ ഉമ്മ, ഉള്ളിൽ കവിതയുള്ള ഉമ്മയാണ്‌.

രണ്ട്‌-
ചുരമിറങ്ങിത്തീരാത്ത സംഘടനാ വാഹനത്തെ ഉപേക്ഷിച്ച്‌, വളയ്ക്കാനും തിരിക്കാനുമൊക്കെ പറ്റുന്നൊരു നടത്തം പരീക്ഷിക്കാൻ ഭർത്താവിനെ ഉപദേശിക്കുന്ന സീനത്തിന്റെ കഥാപാത്രം.

മൂന്ന്-
പുരോഗമന പ്രസ്ഥാനത്തിനുള്ളിൽ കൂടുതൽ പുരോഗമനമുള്ളവരുടെ യോഗത്തിൽപ്പോലും ശബ്ദമുയർത്താൻ സാധ്യമല്ലാത്ത വനിതാ അംഗം. അവളുടെ അഭിപ്രായത്തെ പാതിയിൽ മുറിച്ച്‌ മേൽക്കൈ നേടുന്ന ആണത്തം. കമ്മിറ്റിയിലൊക്കെ നിങ്ങൾക്ക്‌ വരാം. കാരണം ഞങ്ങളൊരു പുരോഗമന പ്രസ്ഥാനമാണ്‌. പക്ഷേ, മിണ്ടാട്ടമില്ലാതെ അവിടെ ഇരുന്നോണം.

അവളതിന്‌ പകരം വീട്ടുന്നത്‌ കുറച്ചൂടെക്കഴിഞ്ഞ്‌ അഭിനയക്കളരി തുടങ്ങുമ്പോളാണ്‌. പത്തുമുപ്പതു പേർ പങ്കെടുത്തിട്ടും കൊള്ളാവുന്നവരായി തെരഞ്ഞെടുക്കപ്പെട്ടതിൽ മൂന്നുപേർ സ്ത്രീകളാണ്‌. മീറ്റിംഗിൽ മിണ്ടാൻപറ്റാതെ പോയ പെണ്ണാണ്‌ അതിലൊന്ന് എന്നതാണ്‌ ശ്രദ്ധേയം.

സമുദായത്തിലെ മഹാഭൂരിപക്ഷം വരുന്ന സ്ത്രീകളെ, വനിതാ സംഘടനയുടെ വരമ്പിനിപ്പുറം നിർത്തി, സംഘടനാ നേതൃത്വത്തിലോ പള്ളിക്കമ്മിറ്റിയിലോ പണ്ഡിതസഭയിലോ വാതിൽ തുറന്നുകൊടുക്കാതെ, ഇമാമിന്റെ തുണിയലക്കിയിട്ട പള്ളിയുടെ പിന്നാമ്പുറത്തൊരു വാതിൽ തുറന്നുകൊടുത്ത്‌ സ്ത്രീ പള്ളിപ്രവേശത്തെ ആഘോഷിച്ചമർന്നിരിക്കുന്ന നവോത്ഥാന വാദികളെ വിചാരണ ചെയ്യുന്ന പെണ്ണാണവൾ.

എന്റെ അറിവിൽ ജമാഅതെ ഇസ്‌ലാമിയിൽ മാത്രമേ സംഘടനാ നേതൃത്വത്തിൽ പെണ്ണൂള്ളൂ. അവർക്കഭിവാദ്യം.

നാല്‌-
മകൾക്കൊരു മാതൃകയാകാനോ, തനിക്കൊരു സുഹൃത്താകാനോ കൊള്ളാത്തവനാണെങ്കിൽ ആ ഭർത്താവ്‌ എന്റെ വീടിന്റെ പടി കടക്കരുതെന്ന് പറയുന്ന സിറാജിന്റെ ഭാര്യ.

അഞ്ച്‌-
‘തിരുമ്പുന്ന ഒച്ചാന്ന് പറഞ്ഞാൽ അത്‌ നമ്മടെ നാട്ട്ത്തെ ഒച്ച തന്നെയല്ലേ. അത്‌ സിനിമയില്‌ കേട്ടാപ്പെന്താ’ എന്ന ചോദ്യം കൊണ്ട്‌, സിനിമയെ വെറുതെ ഇസ്തിരിയിടാൻ പോകാതെ നാടിന്റെ തനിമ കൊണ്ട്‌ ഭംഗിയാക്കാലോ എന്ന മൂർച്ചയുള്ള ചിന്ത ഉയർത്തിയ ഇത്താത്ത. ആണുങ്ങൾക്ക്‌ ചോദിക്കാൻ മടിയുള്ള ചോദ്യം ശരീഫിന്റെ ‘മുഖത്ത്‌ നോക്കി’ ചോദിക്കാൻ അതേ ഇത്താത്തക്ക്‌ മാത്രേ ധൈര്യണ്ടായുള്ളൂ. നാട്ടുപെണ്ണിന്റെ നട്ടെല്ലുള്ള കഥാപാത്രം.

ആറ്‌‌-
കൂവിക്കൂവിപ്പോകുന്ന മീൻകാരന്റെ മകൾ നന്നായി കൂവാൻ പഠിപ്പിക്കുന്ന കാസ്റ്റിംഗ്‌ ഡയരക്ടറായിത്തീരുന്ന കാഴ്ചയാണ്‌ ഹസീന എന്ന ട്രെയിനർ. അടച്ചിട്ട ജനലും വാതിലുമൊക്കെ തുറന്നിട്ട്‌, മുറുക്കങ്ങളേയെല്ലാം അയച്ചിട്ട്‌, അന്യോന്യമുള്ള പതിവു കലാപത്തിനു പകരം അവനവനോടുള്ള കലാപത്തെ ഓർമ്മിപ്പിച്ച്‌ പെട്ടെന്ന് മിന്നിമായുന്ന പാർവ്വതിയുടെ അതിശക്തമായ കഥാപാത്രം.

ഏഴ്‌‌-
പൂർണ്ണമായി സംഘടനാവൽക്കരിക്കപ്പെടുമ്പോളും പേരിനുപോലും ആദർശവൽക്കരിക്കപ്പെടാതെ പോകുന്ന പ്രസ്ഥാനജീവിതങ്ങളെ കണക്കിന്‌ വിചാരണയ്ക്കെടുക്കുന്ന സുഹറയെന്ന വീട്ടമ്മ. സംഘടനാ പ്രവർത്തകന്റെ ആത്മപരിശോധനാ ചാർട്ടിൽ ശരികൾ മാത്രം നേടിയെടുക്കുന്ന ശരീഫിന്റെയുള്ളിലെ ഹിപ്പോക്രസിയെ, ആണഹന്തയെ, ബുദ്ധികൊണ്ടഭിനയിക്കുന്ന നിഫാഖിനെ‌ സുഹറ തുറന്നുകാണിക്കുന്നു. ഒടുക്കം കാണിക്കുന്ന അഭിനേതാക്കളുടെ ലിസ്റ്റിൽ ഒന്നാമത്തെപ്പേര്‌ സുഹറയുടേതാണ്‌. സുഹറയുടെതാണ്‌ സിനിമ.

കാലങ്ങളായി കുതറാൻ സമ്മതമില്ലാതെപോയ പെണ്ണിന്റെ പിടച്ചിലും പൊരുതലുമാണ്‌ ഞാൻ കണ്ട ഹലാൽ ലൗസ്റ്റോറി. Zakariya, Muhsin; നിങ്ങളീ ചെയ്തുകൊണ്ടിരിക്കുന്നതിനെ വരാനിരിക്കുന്ന കാലം വിളിക്കുന്ന പേരാണ്‌ നവോത്ഥാന പ്രവർത്തനം.
നന്ദി.

പി എം എ ഗഫൂർ
https://www.facebook.com/gafur.pma

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s