Jadeer M K
ജൂലൈ മൂന്നിന് മലയാള സിനിമ ചരിത്രത്തിലേക്ക് പുതിയ ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെട്ടു. മറ്റൊന്നുമല്ല, തീയേറ്ററുകൾ അടഞ്ഞുകിടക്കുമ്പോൾ പിന്നെ വേറെ വഴിയില്ലല്ലോ…
അത് കൊണ്ട് ‘സൂഫിയും സുജാതയും’ എന്ന സിനിമയുടെ അണിയറപ്രവർത്തകർ അതിനെ OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. Amazon prime video അത് ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് ഇത് അവതരിക്കപ്പെട്ടു. സാധാരണയുള്ള പോലെ തിയ്യേറ്ററിൽ പോയി ‘പ്രിന്റ്’ എടുക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് തന്നെ സിനിമയുടെ ‘കോപ്പി ഫയലുകൾ’ നാടൊട്ടുക്കെ പരക്കുകയും ചെയ്തു. ഏതായാലും വെറുതെയിരിക്കുകയല്ലേ.. കയ്യിൽ കിട്ടിയവരല്ലാം കണ്ടു. തീർത്തു. പോര… ചർച്ചയും തുടങ്ങി.
ചിലർ പറഞ്ഞു:’എന്തൊരു നല്ല സിനിമ. മ്യൂസിക്കും കാമറയും എല്ലാം തകർത്തു. ആ നടനേതാ.. ഇതുവരെ കണ്ടിട്ടില്ലാലോ… ഏതായാലും നല്ല രീതിയിൽ സൂഫീയായി ജീവിച്ച് അഭിനയിച്ചു. ജയസ്സൂര്യയുടെ അഭിനയം മാസ്സ് തന്നെയാട്ടോ…
പിന്നെ ആ നടി അദിതി റാവുവും ഒച്ചയുണ്ടാക്കാതെ തന്നെ തിമിർത്തു’.
മറ്റു ചിലർ:’ഇതേത് സൂഫി. ഇവൻ സൂഫിയാണോ അതോ കള്ള സൂപ്പിയോ… ഇവനൊന്നുമല്ല സൂഫി, ഇലാഹിനോടുള്ള ദിവ്യ പ്രേമത്താൽ ദുനിയാവിനെ മറന്ന വനാണ് സൂഫി. അല്ലാതെ, ദുനിയാവിലെ ഒരു പെണ്ണിനെ സ്നേഹിച്ച് ഇലാഹിനെ മറന്നവനല്ല സൂഫി’
രണ്ടും ശരിയെന്ന് മറ്റു ചിലർ.
രണ്ടും ശരി തന്നെയല്ലേ..
മാസ്മരിക അഭിനയങ്ങൾ ആണ് എല്ലാവരും കാഴ്ച്ചവെച്ചത്.
പക്ഷെ, ഇസ്ലാമിലെ സൂഫി ഇങ്ങനെ ആണോ.?
ഒരു പെണ്ണിന്റെ സ്നേഹത്തിൽ വീഴുന്നവനാണോ സൂഫി?
ദുനിയാവിനെ ത്യജിച്ചവന്ന് പിന്നെ എന്തിനു ദുനിയാവിലെ സുഖം??.
മിസ്റ്റിക്കൽ ഇസ്ലാം ‘വില്പനയി’ൽ ട്രെൻഡിങ്ങ് ആയപ്പോൾ കേട്ടറിഞ്ഞ അറിവ് വച്ച്, ഒരു ശൈഖിനെയും കൂടെ ഒരു ശിഷ്യനായ സൂഫി ഡാൻസറെയും വച്ച് ഒരു റൊമാൻസും പിന്നെ, പറയുന്നത് ഉചിതമാവുമോ ഇല്ലയോ എന്നറിയില്ല എന്നാലും, ‘ലവ് ജിഹാദ്’ എന്ന ആരോപണ വ്യവഹാരങ്ങളെ പൊളിച്ചെഴുതുന്ന ഒരു കഥാപശ്ചാത്തലവും വച്ചെടുത്ത വെറും ഒരു തട്ടിക്കൂട്ടുപടമാണിതും എന്നു പറയേണ്ടിയിരിക്കുന്നു.
അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഒരു സൂഫിയെ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുക.
പിന്നെ എന്ത് കൊണ്ടാണ് സമ എന്ന സൂഫീ നൃത്തത്തെ തുടങ്ങി വച്ച അല്ലാമാ റൂമിയെ പോലും ഉച്ചരിക്കാതെ അദ്ധേഹത്തിന്റെ ഇലാഹീ പ്രണയ വരികൾ പോലും തഴഞ്ഞ് ഒരു ‘സൂഫി ഡാൻസറെ’ ചിത്രീകരിച്ചത്. രാത്രിയാകാറായ ഒരു പകലില്‍ വഴിയരികിലൂടെ നടക്കവെ തട്ടാനായിരുന്ന സലാഹുദ്ദീൻ സർകൂബിന്റെ ചുറ്റികയുടെ താളവും അല്ലാഹ് എന്ന വിളിയുടെ ഈണവുമൊരുമിച്ചുള്ള താള-സ്വരലയത്തിന്റെ അനിര്‍വചനീയ നിമിഷത്തില്‍ ഒരു കൈ ആകാശത്തിലേക്കുയര്‍ത്തി മറുകൈ ഭൂമിയിലേക്ക് താഴ്ത്തി റൂമി കറങ്ങി എന്നതാണ് സമയുടെ ഉത്ഭവത്തെ കുറിച്ചുള്ള ഒരു ചരിത്രം.റൂമിയെ സംബന്ധിച്ചിടത്തോളം സമ ആത്മാവിന്റെ അന്നമായിരുന്നു. റൂമിയുടെ കവിതയില്‍ ഇങ്ങനെ കാണാം ‘കമിതാവ് നൃത്തം ചെയ്യുന്ന പാദങ്ങള്‍ കൊണ്ട് ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും ജീവിതമെന്ന ജലം പൊട്ടിപുറപ്പെടും. മാത്രമല്ല, പ്രിയതമന്റെ നാമം ഉരുവിടുമ്പോള്‍ മരിച്ചവരെല്ലാം ശവകച്ചയില്‍ നിന്ന് നൃത്തം ചെയ്യും’.
പക്ഷെ ആ കാവ്യങ്ങൾ എവിടെ?.
ഇതിൽ ഉപയോഗിച്ചിരിക്കുന്ന കോസ്റ്റ്യൂമ്സ് പോലും സമയുടെ തനത് ശൈലിയിൽ നിന്നും വ്യത്യസ്തമാണെന്ന് ഇതിന്റെ ഉത്ഭവ സ്ഥലമായ തുർക്കിയിലെ കൊനിയയിൽ പോയി കണ്ട് പഠിച്ചവർ പറയുയുന്നുണ്ട്.
ശൈഖ് പ്രണയം തടഞ്ഞിട്ടും ശൈഖിനെ ധിക്കരിച്ച് പ്രണയിനിയുമായി ഒളിച്ചോടാൻ ഒരുങ്ങുക വരെ ചെയ്ത ശിഷ്യൻ എങ്ങനെയാണ് ശൈഖിന്റെ പത്താമത്തെ ആണ്ടിന് ഒരു കറാമത്തൊക്കെ കാണിച്ച് സ്വയം സൂഫി എന്ന് പരിചയപ്പെടുത്തി രണ്ടാമതും അവതരിക്കുന്നത്?
കാരണം മറ്റൊന്നുമല്ല, ഇത് വെറും ‘തട്ടിക്കൂട്ട്’ തന്നെയാണ്. ഒരു സിനിമയുടെ ചിത്രീകരണത്തിൽ എത്രത്തോളം സത്യസന്ധതയും യാഥാർത്ഥ്യവും വേണമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നടന്ന ഒരു സിനിമ ഇറങ്ങുന്നതിനെക്കുറിച്ച് നടന്ന ചർച്ചകളിൽ നിന്നും നമ്മൾ മനസ്റ്റിലാക്കിയതാണ്.
യഥാർത്ഥ സൂഫിയെ അവതരിപ്പിക്കുന്ന ഒരു സിനിമ വരുമെന്ന പ്രതീക്ഷയോടെ…